പെരിന്തല്‍മണ്ണ: മങ്കട രാമപുരം ബ്ലോക്ക് പടിയില്‍ തനിച്ച് താമസിച്ചിരുന്ന മുട്ടത്ത് വീട്ടില്‍ ആയിശയുടെ (72) കൊലപാതകത്തില്‍ ഇവരുടെ പേരമകളുടെ ഭര്‍ത്താവും അധ്യാപകനുമായ മമ്പാട് പാന്താര് വീട്ടില്‍ നിഷാദലി (34)പിടിയിൽ. സാമ്പത്തിക ബാധ്യതകളുള്ള പ്രതി സ്വര്‍ണം അപഹരിക്കാനാണ് കൃത്യം ചെയ്തതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
എം.എസ്സി കംപ്യൂട്ടർ സയന്‍സ് ബിരുദധാരിയുംമമ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്ത് വര്‍ഷമായി ഗസ്റ്റ് അധ്യാപകനുമാണ് ഇയാള്‍. ജൂലൈ 16നാണ് ആയിശയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന എട്ടേകാല്‍ പവന് സ്വര്‍ണവും കവര്‍ന്നിരുന്നു. രാത്രി ഉറങ്ങാന്‍ മകന്റെ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോവാന്‍ വന്ന പേരക്കുട്ടികളാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. ദേഹത്തുള്ള പരിക്കുകളും ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാലും കവര്‍ച്ചയാണ് ലക്ഷ്യമെന്ന് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതക രംഗങ്ങള്‍ പ്രതി നിഷാദലി സംഭവസ്ഥലത്ത് പൊലീസിന് വിവരിച്ചു കൊടുത്തു.
നേരത്തെ രണ്ടുതവണ കൊലപാതകം ആസൂത്രണം ചെയ്ത് വീടിന് പരിസരത്തെത്തിയെങ്കിലും റോഡുവക്കിലെ വീടായതിനാല്‍ പരിസരത്ത് ആളുകളുണ്ടായതിനാല്‍ നടത്താതെ പോയി. കുടുംബത്തില്‍ തന്നെയുള്ളയാളോ പരിചയമുള്ളയാളോ ആണ് കൃത്യം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം.
പരിസരവാസികളെയും കുടുംബക്കാരെയും അടക്കം ആയിരത്തോളം പേരെ നേരിട്ടും ഫോണ്‍ മുഖേനയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിഷാദലിയെക്കുറിച്ചും അയാളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും സൂചനകള്‍ ലഭിച്ചത്. ശേഷം കോഴിക്കോട്ട് വെച്ചാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓൺലൈന്‍ ബിസിനസില്‍ വന്‍ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ച ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ട്. 50 ലക്ഷത്തിന് മുകളിലാണ് ബാധ്യത. ഇതിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, മങ്കട സി.ഐ ഷാജഹാന് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്, സി.പി. സന്തോഷ്കുമാര്‍, ഷാഹുല്‍ ഹമീദ്, പി.എസ്. ഷിജു, പ്രശാന്ത് പയ്യനാട്, മനോജ്കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, അഷ്റഫ് കൂട്ടില്‍, ദിനേശ് കിഴക്കേക്കര, പ്രഫുല്‍, വനിത എസ്.സി.പി.ഒ ബിന്ദു, സൈബര്‍ സെല്ലിലെ ഷൈലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആയിശയുടെ കൊലപാതകത്തില്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണ ഫലമായി രണ്ടുമാസം തികയും മുമ്പ് തന്നെ പ്രതിയെ പിടിക്കാനായി. ഫോണ്‍ കോളുകളും സി.സി.ടി.വി ദൃശ്യങ്ങളും അടക്കം എല്ലാ മാര്‍ഗവും ഉപയോഗിച്ചുള്ള അന്വേഷണമാണ് നടന്നത്. നാട്ടുകാരുടെ പൂര്‍ണ സഹകരണവും പൊലീസിന് ലഭിച്ചു. ഞായറാഴ്ച വൈകീട്ട് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം നടക്കാനിരിക്കുകയാണ് ശനിയാഴ്ച തന്നെ പ്രതി പിടികൂടിയത്. പൊലീസിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രതിയോടുള്ള നാട്ടുകാരുടെ അമര്‍ഷവും തെളിവെടുപ്പ് സമയത്ത് പ്രകടമായിരുന്നു. നാട്ടുകാരുടെ ബഹളങ്ങള്‍ക്കിടെ ഏറെ പ്രയാസപ്പെട്ടാണ് തെളിപ്പെടുപ്പ് കഴിഞ്ഞ് പൊലീസ് പ്രതിയെ വാഹനത്തില്‍ കൊണ്ടുപോയത്.
Discussion about this post