വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് സ്ഥിതിയെന്നും അതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാർ. ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. ഇവർ രണ്ടു പേരെയും കൂടെ നിർത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോൺഗ്രസും എടുത്തിരിക്കുന്നത്.
മതമൗലികവാദികൾക്കെതിരെ സംസാരിച്ചാൽ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണ്. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞതെന്നും വി. മുരളീധരൻ പറഞ്ഞു.
തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃതമായി പറഞ്ഞിട്ടുണ്ട്, അത് തെളിയിച്ചിട്ടുമുണ്ട്. നരേന്ദ്രമോദിയുടെയും കേരളത്തിലെ നേതാക്കളുടെയും നിലപാടുകൾ തമ്മിലുളള വ്യത്യാസവും ഇതിൽ പ്രകടമാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
മുൻപും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉറക്കമില്ലാത്ത കാവൽക്കാരനായി ഇന്ന് ഒരു വ്യക്തിയുടെ പേര് പറയാനുണ്ടെങ്കിൽ അത് നരേന്ദ്രമോദിയുടെ പേരാണ്. ഇന്ന് ആയിരക്കണക്കിന് ആളുകൾ കത്തെഴുതുന്നത് പ്രധാനമന്ത്രിക്കാണ്. കാരണം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടാൽ വിഷയത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരിലാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകൾ നരേന്ദ്രമോദിയെ ദൈവതുല്യനായി കാണുന്നതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച സംഘടിപ്പിച്ച നവഭാരത മേള സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
Discussion about this post