ദുബായ്: ട്വെന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഏകദിന ലോകകപ്പിലേതിന് സമാനമായ വിജയ ചരിത്രമാണ് ടി20 ലോകകപ്പിലും പാകിസ്ഥാനെതിരെ ഇന്ത്യക്കുള്ളത്. ലോകവേദിയിൽ ഇരുവരും ഇതിന് മുൻപ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ 100 ശതമാനം വിജയമാണ് ഇന്ത്യയുടെ റെക്കോർഡ്.
ഇരു ടീമുകളും നേർക്ക് നേർ വന്ന ലോകപോരാട്ടങ്ങളുടെ നാൾവഴികളിലൂടെ
ട്വെന്റി 20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു ആദ്യ ഇന്ത്യ- പാക് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 141 റൺസ് മാത്രമാണ് നേടിയത്. പാകിസ്ഥാനും 141ൽ ഒതുങ്ങിയതോടെ ടൈ ആയ മത്സരം ബൗൾ ഔട്ടിലേക്ക് നീങ്ങിയപ്പോൾ വിജയം ഇന്ത്യക്കൊപ്പം നിന്നു.
അതേ വർഷം ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടി. ഓപ്പണർ ഗൗതം ഗംഭീർ നേടിയ 75 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ 157/5 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗിൽ മിസ്ബ ഉൾ ഹഖിന്റെ ഒറ്റയാൾ പോരാട്ടം പാകിസ്ഥാനെ വിജയത്തിൽ എത്തിക്കുമെന്ന ഘട്ടത്തിൽ ശ്രീശാന്ത് നേടിയ മികച്ച ക്യാച്ചിലൂടെ ഇന്ത്യ വിജയവും കന്നി ലോകകിരീടവും കൈപ്പിടിയിൽ ഒതുക്കി.
അഞ്ച് വർഷങ്ങൾ ശേഷം 2012ൽ കൊളംബോയിൽ ഇരു ടീമുകളും വീണ്ടും മാറ്റുരച്ചു. 19.4 ഓവറിൽ പാകിസ്ഥാൻ 128ന് പുറത്തായി. മറുപടി ബാറ്റിംഗിൽ ഗംഭീറിനെ ഡക്കിന് പുറത്താക്കി പാകിസ്ഥാൻ ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും വിരാട് കോഹ്ലി നേടിയ 78 റൺസ് ഇന്ത്യയെ 17ആം ഓവറിൽ അനായാസം വിജയത്തിലെത്തിച്ചു.
അടുത്ത തവണയും ബൗളിംഗിൽ മേധാവിത്വം പുലർത്തിയ ഇന്ത്യ പാകിസ്ഥാനെ 130/7 എന്ന സ്കോറിൽ ഒതുക്കി. അന്ന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി പാകിസ്ഥാന്റെ കുഴി മാന്തിയ ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ ഇത്തവണയും ഇന്ത്യക്കൊപ്പമുണ്ട്. വിരാട് കോഹ്ലി- സുരേഷ് റെയ്ന സഖ്യം നേടിയ അപരാജിതമായ 66 റൺസ് കൂട്ടുകെട്ട് അന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.
2016ൽ അവസാന വട്ടം ഏറ്റുമുട്ടിയപ്പോഴും ഈഡൻ ഗാർഡൻസിലെ സമ്മർദ്ദം താങ്ങാൻ പാകിസ്ഥാന് സാധിച്ചില്ല. മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പാകിസ്ഥാന് 118 റൺസ് നേടാനേ സാധിച്ചുള്ളൂ. ആ മത്സരത്തിലും അർദ്ധശതകം നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ ബലത്തിൽ 13 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
Discussion about this post