തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും വിമർശനാത്മകമായി ഗവർണർ പറഞ്ഞു. കാലടി സംസ്കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതിലും ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് നിർദേശിച്ചു. ഇതിൽ അതൃപ്തി പരസ്യമാക്കിയ ഗവർണർ സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന് കത്തിൽ തുറന്നടിച്ചു.
സിപിഎം നേതാവ് കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെയാണ് കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ സർക്കാർ പുനർനിയമനം നൽകിയത്. ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം ഉയരുന്നത്.
Discussion about this post