പത്തനംതിട്ട: വിവാഹ പ്രായം ഉയർത്തുന്നതിനെതിരായ പാർട്ടി നിലപാട് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു.
പത്തനംതിട്ടയിലെ സി പി ഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
കേരള ബാങ്കിൽ സാധാരണക്കാർക്ക് സേവനങ്ങൾ കിട്ടുന്നില്ല എന്ന വിമർശനവും ജില്ലാ സമ്മേളനത്തിൽ ഉയർന്നു. ബ്യൂറോക്രാറ്റിക്ക് സംവിധാനമായി കേരള ബാങ്ക് മാറുന്നു. കേരള ബാങ്ക് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നും നേതാക്കൾ വിമർശിച്ചു.
സിൽവർ ലൈൻ പദ്ധതിക്കെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു.
സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു.
വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നുവെന്നും വിമർശനം ഉയർന്നു.
പൊലീസിനെതിരെ മുതിർന്ന നേതാവ് പീലിപ്പോസ് തോമസ് വിമർശനം ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകൾ ഇടതു വിരുദ്ധരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post