പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. കോന്നി സ്വദേശിയായ സോണി(45), ഭാര്യ റീന(44), മകൻ റയാൻ(8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്,
റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റ നിലയിൽ കിടപ്പ് മുറിയിലാണ് കിടന്നിരുന്നത്. സോണിയുടെ മൃതദേഹം മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥാമിക നിഗമനം.
സോണിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രവാസിയായിരുന്ന സോണി അടുത്ത കാലത്താണ് നാട്ടിലെത്തിയത്. അടുത്തയിടെ ഇദ്ദേഹം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.
സോണിയെയും കുടുംബത്തെയും രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് ഒരു ബന്ധു ഇന്ന് രാവിലെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. തുറന്നു കിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു.
Discussion about this post