മലപ്പുറം: ബംഗാളിൽ നിന്നും കാണാതായ 16 വയസ്സുകാരിയെ മലപ്പുറം വാഴക്കാട് നിന്നും കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ നസറുദ്ദീനെ(34) പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ബംഗാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെത്തിയത്.
ക്വാര്‍ട്ടേഴ്‌സില്‍ മൂന്നുവയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. നസറുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണിതെന്നാണ് വിവരം. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് നസറുദ്ദീന്‍ മൂന്നുവയസ്സുള്ള മകനെയും കൂട്ടി അടുത്തിടെ ബംഗാളിലേക്ക് പോയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. പിന്നീട് പെൺകുട്ടിയെയും കടത്തിക്കൊണ്ട് പോരുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നതിനും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനുമാണ് നസറുദ്ദീനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post