കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും ദിലീപ് വാദിച്ചു.
ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെ ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ഭാഗം ശരിവെക്കുന്നതാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന കേസിൽ ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കം അഞ്ച് പ്രതികൾക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post