ആദിവാസികൾ മാത്രം താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഗവൺമെൻറ് പദ്ധതികളോ സഹായങ്ങളോ ലഭ്യമാക്കാതെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. നാനൂറോളം കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ഇന്ന് ആശ്രയിക്കുന്നത് പുറംലോകത്തെ ആണ്.
പതിറ്റാണ്ട് മുൻപ് പഞ്ചായത്തു രൂപീകരിക്കുമ്പോൾ വലിയ വികസന സാദ്ധ്യത കൽപിച്ചിരുന്ന ഇടമലക്കുടിക്ക് ഒരു പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പോലും ഇതുവരെ ഇല്ല എന്നുള്ളത് കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അവരോട് കാണിക്കുന്ന അവഗണനയാണ്. മാസത്തിൽ ഒരിക്കൽ പഞ്ചായത്ത് കമ്മിറ്റി കൂടുവാൻ മാത്രമാണ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ദേവികുളത്തു നിന്ന് ഇടമലക്കുടിയിൽ എത്തുന്നത്.
ആരോഗ്യ മേഖലയിൽ കേരള സർക്കാർ തികഞ്ഞ അവഗണനയാണ് ഇടമലക്കുടിക്കാരോട് കാണിക്കുന്നത്.ഒരു ഡോക്ടർ പോലും പിഎച്ച്സി യിൽ എത്താറില്ല. ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി കൊണ്ടുപോകണം .
ഇടമലക്കുടിയിലേക്കുള്ള വഴിയിൽ റോഡിനു കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ കയറണമെങ്കിൽ ഏണി വയ്ക്കേണ്ട അവസ്ഥയാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വീടുകൾക്കു മേൽക്കൂര പോലും പണിയാതെ വീടുകൾ മുഴുവനും നാശത്തിന്റ്റെ പാതയിലാണ്. വലിയ അഴിമതിയാണ് ഭവനനിർമ്മാണത്തിൽ നടന്നിട്ടുള്ളത്. 10 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടു മണിക്കൂർ വാഹനത്തിൽ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇടമലക്കുടിക്കാർ ഉള്ളത്.
കേന്ദ്ര സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളിൽ ലഭിച്ചിട്ടും അതൊന്നും ചിലവഴിക്കുവാൻ സംസ്ഥാനസർക്കാരിന് ആയിട്ടില്ല. ഇടമലക്കുടിയിലെ മുതുവാൻ ജനവിഭാഗത്തിന് ആചാരത്തിന് ഭാഗമായുള്ള കാവടിയും വാലായ്മ പുരയും പുരോഗമനത്തിന് പേരിൽ സംസ്ഥാന സർക്കാർ എതിർക്കുകയാണ് .
കുടിവെള്ളവും വൈദ്യുതിയും വഴിയും ഇന്നും ഇടമലക്കുടിക്കാർക്ക് കിട്ടാക്കനിയാണ് . ഇടമലക്കുടിയിലെ ഏക വരുമാന മാർഗമായ ഏലം കൃഷി പുറത്തുനിന്നുള്ളവരുടെ ചൂഷണം മൂലം നിസ്സാര വിലക്കാണ് വിൽക്കേണ്ടി വരുന്നത്.
മൊബൈൽ ഫോണിന്റെ പ്രയോജനം ടവർ ഇല്ലാത്തതിനാൽ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇടമലക്കുടിയിലെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടി, പട്ടികജാതി പട്ടിക വർഗ്ഗങ്ങൾ ഞങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ സഞ്ചരിച്ച് ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ആവശ്യമായിട്ടുള്ള സത്വര നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ളതിന്റെ ഭാഗമായി ആണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഇടമലക്കുടിയിൽ എത്തിയത് .
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് രാധാകൃഷ്ണൻ , ഡോ. പ്രമീളാദേവി, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് ,ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി, ജനറൽ സെക്രട്ടറി വി എൻ സുരേഷ്, സോജൻ ജോസഫ് , വി ആർ അളകരാജ് , മനോജ് കുമാർ ബി എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/kummanam.rajasekharan/posts/4809943039115445
Discussion about this post