പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം 4 എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരിക്കുകയും ചെയ്തവരാണ്.
റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ച് അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. കേസിൽ 16 പേർ പ്രതികളാകുമെന്നാണ് വിവരം.
ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും പൊലീസ് അറിയിച്ചു.
Discussion about this post