പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ എസ് ഡി പി ഐ ഭീകരർ പിന്തുടർന്നത് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ അതേ മാതൃകയെന്ന് റിപ്പോർട്ട്. ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുൻപ് മറ്റു രണ്ടുപേരെക്കൂടി സംഘം ലക്ഷ്യമിട്ടിരുന്നതായി എ.ഡി.ജി.പി. വിജയ് സാഖറെ പറഞ്ഞു. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, മുന്‍നിശ്ചയിച്ച പ്രകാരമുള്ള സാഹചര്യം ഒത്തുവരാത്തതിനാലാണ് മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവാസനെ ലക്ഷ്യമിട്ടത്. കൊലപാതകത്തിന് മുൻപ് ശ്രീനിവാസനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സുബൈറിന്റെ പോസ്റ്റ്മോർട്ടം നടന്ന മോർച്ചറിക്ക് പിന്നിലിരുന്നാണ് പ്രതികൾ പദ്ധതി തയ്യാറാക്കിയത്. ശ്രമം പാളിയാലും ഉദ്യമം വിജയകരമായി പൂർത്തീകരിക്കാൻ മറ്റ് സംഘങ്ങളെയും സജ്ജമാക്കി നിർത്തിയിരുന്നു.
വാഹനങ്ങൾ സംഘടിപ്പിക്കുന്നതിനും ആയുധങ്ങളും മൊബൈൽ ഫോണുകളും കൃത്യമായി ആവശ്യാനുസരണം എത്തിക്കുന്നതിനും വെവ്വേറെ സംഘങ്ങളെയും നിയോഗിച്ചിരുന്നു. ആശുപത്രി പരിസരത്തെ ആരാധനാലയവും പ്രതികൾ ഗൂഢാലോചനയ്ക്ക് വേദിയാക്കി. കേസിൽ പള്ളി ഇമാം ഉൾപ്പെടെ പ്രതികളായി.
ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളെ മുഴുവൻ പിടികൂടിയെങ്കിലും കൃത്യം നടത്തിയവരെ ഇനിയും പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
Discussion about this post