കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിൽ സ്ഫോടനം. മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു.. നിരവധി പേർക്ക് പരിക്കേറ്റു.
കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുണ്ടായിരുന്ന വാനിലായിരുന്നു സ്ഫോടനം നടന്നത്. കൊല്ലപ്പെട്ട ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് എന്നാണ് വിവരം. ഭീകരവിരുദ്ധ സേനയോട് എത്രയും വേഗം സ്ഥലത്തെത്താൻ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ നിർദ്ദേശിച്ചതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചാവേർ ആക്രമണമാകാനാണ് സാദ്ധ്യതയെന്ന് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ അറിയിച്ചു. സ്ഫോടനത്തിന് തൊട്ടു മുൻപ് സ്ത്രീകളുടെ മതപരമായ വസ്ത്രമയ ബുർഖ ധരിച്ച വനിത വാഹനത്തിന് സമീപത്തേക്ക് നടന്നു നീങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും കറാച്ചി പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post