റിയാദ്: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയ്‌ക്കെതിരെ നേടിയ അട്ടിമറി ജയം ആഘോഷിക്കാൻ ഉറച്ച് സൗദി. രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവധി ബാധകമായിരിക്കും. ദോഹയിലെ ലൂ സയിൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അട്ടിമറി ജയം നേടിയത്.
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്നായിരുന്നു സൗദി നേടിയത്. കിരീടസാദ്ധ്യത കൽപിക്കുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. ഓപ്പണിങ് മത്സരത്തിനാണ് ടീം സൗദിക്കെതിരെ ഇറങ്ങിയത്.
സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ ആണ് അവധി പ്രഖ്യാപിച്ചത്. വിജയത്തിന് പിന്നാലെ തലസ്ഥാനമായ റിയാദിൽ ഉൾപ്പെടെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആളുകൾ വാഹനങ്ങളിൽ സൗദിയുടെ പതാക വീശി സഞ്ചരിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയാണ്.
പത്താം മിനിറ്റിൽ ലയണൽ മെസിയിലൂടെ അർജന്റീന മുൻപിലെത്തിയിരുന്നെങ്കിലും സലെ അൽഷെഹ്രി, സലേം അൾദവ്‌സാരി എന്നിവരിലൂടെ രണ്ടാം പകുതിയിൽ സൗദി രണ്ട് ഗോളുകളോടെ മത്സരം വിജയം തട്ടിയെടുക്കുകയായിരുന്നു.
Discussion about this post