സന്നിധാനം: ശബരിമലയിൽ ദർശന സമയം കൂട്ടി. തീർത്ഥാടകരുടെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ചാണ് നടപടി. രാത്രി നട അടയ്ക്കുന്ന സമയം 11.30 ലേക്കാണ് നീട്ടിയത്. ഉച്ചയ്ക്ക് നട അടയ്ക്കുന്നത് അര മണിക്കൂറും വൈകിപ്പിച്ചിട്ടുണ്ട്.
നേരത്തെ രാത്രി 10.50 ന് ഹരിവരാസനം ആരംഭിച്ച് 11 മണിക്ക് നട അടയ്ക്കുമായിരുന്നു. എന്നാൽ ഇനി 11.20 ന് ഹരിവരാസനം ആരംഭിച്ച് 11.30 നായിരിക്കും നട അടയ്ക്കുക. അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ കഴിഞ്ഞ ദിവസം മരക്കൂട്ടത്ത് തീർത്ഥാടകർ അപകടത്തിൽപെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദർശന സമയം വർദ്ധിപ്പിക്കാനാകുമോയെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ ഇന്ന് ആരാഞ്ഞിരുന്നു. തന്ത്രിയുമായി ആലോചിച്ച ശേഷം മറുപടി നൽകാമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തുടർന്ന് തന്ത്രിയുമായി ആലോചിച്ച ശേഷമാണ് ദർശന സമയം കൂട്ടാൻ ബോർഡ് തീരുമാനിച്ചത്.
നേരത്തെ 18 മണിക്കൂറായിരുന്നു നട തുറന്നിരിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ദഗോപനും എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാറും ചേർന്ന കൂടിയാലോചനക്ക് ശേഷമാണ് സമയം കൂട്ടാന് തീരുമാനിച്ചത്. തിരക്ക് കുറയുന്നത് അനുസരിച്ച് പഴയ പടിയിലേക്ക് സമയം പുനക്രമീകരിക്കും.
നിലവിൽ ശരാശരി 80,000 ത്തിന് മുകളിൽ ഭക്തർ ദിവസവും ശബരിമലയിൽ ദർശനത്തിന് എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ തിരക്ക് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തിരക്കാണ് പമ്പയിലും ശബരിമല പാതയിലും സന്നിധാനത്തും അനുഭവപ്പെടുന്നത്. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പ് നൽകണമെന്ന് നിർദ്ദേശിച്ചാണ് ദർശന സമയം കൂട്ടാനാകുമോയെന്ന് കോടതി ആരാഞ്ഞത്.
Discussion about this post