തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിനിടെ അക്രമികൾ പോലീസ് സ്‌റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഭവത്തിൽ പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആർക്കും അംഗീകരിക്കാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പോലീസുകാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞത്ത് കലാപകാരികൾ അഴിഞ്ഞാടിയിട്ടും പോലീസ് പ്രതികരിക്കാതിരുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അക്രമികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് ആയിരുന്നു വിമർശനം. ഈ വിമർശനത്തിന്റെ മുനയൊടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ന്യായീകരണം.
കേരളത്തിലെ പോലീസ് കേരളം രൂപീകൃതമായതിന് ശേഷം ഉണ്ടായതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തുടർച്ചയായി വന്ന പോലീസാണ്. അതിന്റെ ഭാഗമായി ജനങ്ങളെ ശത്രുക്കളായി കണ്ടുകൊണ്ടുളള നടപടികളാണ് അവർ സ്വീകരിച്ചത്. അത് സ്വാതന്ത്ര്യം ലഭിച്ച ശേഷവും വലിയ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണെന്നും പിണറായി പറഞ്ഞു.
നിയമബോധവും അവകാശബോധവും ശക്തമായതുകൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തെറ്റായ കാര്യമല്ല. സംഭവങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ, പരാതികൾ ലഭിക്കുമ്പോൾ പോലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിന് തെളിവ് കൂടിയാണിതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുളള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ക്രമിനൽ കേസുകളിൽ ഉൾപ്പെട്ട എട്ട് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് പോലീസുദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 55000 അംഗങ്ങളുളള പോലീസ് സേനയിൽ 1.56 ശതമാനമാണ് ഇത്തരത്തിലുളളവരെന്നും 98.44 ശതമാനം സേനാംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സേനയിൽ പല ഘട്ടങ്ങളിലും ഇത്തരത്തിലുളള ചില ഉദ്യോഗസ്ഥർ ഉണ്ടായിട്ടുണ്ട്. 2014 ഡിസംബർ 15 ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിൽ മറുപടി പറയുമ്പോൾ ക്രിമിനൽ കേസിൽ പ്രതികളായവരും കുറ്റവിമുക്തരായവരുമായി 976 പേർ നിലവിൽ പോലീസിൽ തുടരുന്നതായി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post