കൊച്ചി: കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇന്ദ്രൻസിനെ അപമാനിക്കും വിധം ‘സംസ്‌കാര ശൂന്യമായ’ വാക്കുകൾ അപലീയനമാണെന്ന് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇന്ദ്രൻസിനൊപ്പമുളള ചിത്രം സഹിതമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.
ആരുടെയും പിന്തുണ ഇല്ലാതെ സ്വന്തം കഴിവുകൾ അവതരിപ്പിച്ച് പ്രശസ്തിയുടെ പടവുകൾ കയറുന്ന ഈ കലാകാരനെ എന്നും ആദരവോടെയാണ് ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ കലാസ്‌നേഹികൾ കാണുന്നത്. സിംഗപ്പൂരിൽ നടന്ന സൗത്ത് എഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച നടൻ ഇന്ദ്രൻസ് കേരളത്തിന്റെ അഭിമാനമാണെന്നും അടൂർ പ്രകാശ് കുറിച്ചു.
മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ നടത്തിയ പരാമർശമാണ് വിവാദമായത്. അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിന്റെ വലുപ്പത്തിലേക്ക് എത്തിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
അടുത്തിടെ നടന്ന ഹിമാചൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ ഏക സിറ്റിങ് സീറ്റ് നഷ്ടമായ സിപിഎമ്മിന്റെ അവസ്ഥയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ മറുപടി പറയുകയായിരുന്നു മന്ത്രി. 1969ലെ കേരള സഹകരണസംഘം നിയമത്തിൽ പരിഷ്‌കരണം വരുത്തുന്നതിനുള്ള സമഗ്രഭേദഗതി നിർദ്ദേശങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു ചർച്ച തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് കടന്നത്.
ഇന്ദ്രൻസിനെതിരെ മന്ത്രി നടത്തിയത് ബോഡി ഷെയിമിങ് പരാമർശമാണെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.
Discussion about this post