തിരുവനന്തപുരം : മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തതിനെതിരെ അതേ സമ്മേളന വേദിയിൽ വിമർശനം നടത്തിയ ജോൺ ബ്രിട്ടാസ് എം.പിയെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ച. ഒരു വർഷം മുൻപ് പറഞ്ഞതിന് കടക വിരുദ്ധമായാണ് ജോൺ ബ്രിട്ടാസ് ഇപ്പോൾ പറയുന്നതെന്ന് വിമർശകർ പറയുന്നു. നിരവധി ട്രോളുകളും ബ്രിട്ടാസിനെതിരെ പുറത്തുവരുന്നുണ്ട്.
ആർ.എസ്.എസ്സുകാരുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നായിരുന്നു മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യം. ഇടത് സൈബർ പ്രവർത്തകർ ഇത് ആവേശ പൂർവ്വം കൊണ്ടാടുകയും ചെയ്തു. ബിജെപിക്കും ആർ.എസ്.എസിനും തകർപ്പൻ മറുപടി കൊടുത്ത് ജോൺ ബ്രിട്ടാസ് എന്ന രീതിയിലായിരുന്നു ഇടത് സൈബർ ടീമിന്റെ പ്രകടനം.
എന്നാൽ ഇതേ ജോൺ ബ്രിട്ടാസ് 2021 ൽ ബിജെപി നേതാവ് കെ.ജി മാരാരെപ്പറ്റിയുള്ള പുസ്തക പ്രകാശനത്തിൽ പങ്കു കൊണ്ടതിനെപ്പറ്റി പറഞ്ഞത് മറ്റൊരു രീതിയിലാണ്. “സംഘപരിവാറിന്റെ പദ്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയുന്നത് ഇന്ന് കേരളത്തിൽ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മൾ തിരിച്ചു വിളിക്കേണ്ടതുണ്ട്“ എന്നായിരുന്നു അന്ന് ബ്രിട്ടാസ് താൻ പങ്കെടുത്തതിന് ന്യായീകരണമായി പറഞ്ഞത്. ന്യായീകരിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത വരികൾ അദ്ദേഹം ഡിലീറ്റ് ചെയ്തെങ്കിലും അന്ന് വാർത്തയിൽ ഇടം പിടിച്ചിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഒരു സീൻ ഓർമ്മിപ്പിച്ചാണ് ബ്രിട്ടാസിനെതിരെ ട്രോൾ മഴ ഇറങ്ങുന്നത്. സിനിമയിൽ ഇടയ്ക്കിടയ്ക്ക് പറയുന്നത് മാറ്റിപ്പറയുന്ന ആളോട് ഒരു കഥാപാത്രം ഉയർത്തുന്ന ചോദ്യമാണ് ട്രോളിനായി ഉപയോഗിക്കുന്നത്.
Discussion about this post