തിരുവനന്തപുരം: സർവ്വകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം. രാജ്ഭവൻ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് നിയമോപദേശം. നിർണായകമായ ഭരണഘടനാ പദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലിൽ അയാൾ തന്നെ തീരുമാനമെടുക്കരുത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിൽ ഗവർണർ സ്വയം തീരുമാനമെടുത്താൽ അതിൽ വ്യക്തിതാത്പര്യം കടന്നുവരാൻ സാധ്യതയുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.
അതേസമയം ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഇനിയും വൈകും. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ പുറത്താക്കുന്ന രണ്ട് ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു. ചാൻസലർ ബിൽ തന്നെ ബാധിക്കുന്ന വിഷയമാണെന്നും, അതുകൊണ്ട് തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു ഗവർണറുടെ നിലപാട്.
ബിൽ രാഷ്ട്രപതിക്ക് അയക്കാനാണ് ആലോചിക്കുന്നതെന്ന സൂചന ഗവർണർ നേരത്തേയും തന്നിരുന്നു. 14 സർവ്വകലാശാലകളുടേും ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതാണ് ഈ ബില്ലുകൾ.
Discussion about this post