എറണാകുളം: കിടപ്പുമുറിയിൽ ആൺസുഹൃത്തിനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി മകൾ. തമ്മനം സ്വദേശിനിയായ എൽഎൽബി വിദ്യാർത്ഥിനിയാണ് വീട്ടുകാർക്കെതിരെ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബുധനാഴ്ചയായിരുന്നു മകളുടെ മുറിയിലേക്ക് കാമുകൻ എത്തിയത്. രാത്രി 11 മണിയ്ക്ക് ശബ്ദം കേട്ടതിനെ തുടർന്ന് മകളുടെ മുറിയിൽ എത്തി രക്ഷിതാക്കൾ പരിശോധിച്ചു. ഇതോടെയാണ് കട്ടിലിൽ ഒളിഞ്ഞിരുന്ന കാമുകനെ കയ്യോടെ പിടികൂടിയത്. തുടർന്ന് മകളെ രക്ഷിതാക്കൾ വഴക്കുപറയുകയും, യുവാവിനെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം പെൺകുട്ടി വീട്ടുകാർ ഉപദ്രവിക്കുന്നുവെന്ന് കാട്ടി പോലീസിന് ഫോൺ ചെയ്യുകയായിരുന്നു.
പരാതിയിൽ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് കാര്യം തിരക്കി. അപ്പോഴാണ് കാമുകനെ മുറിയ്ക്കുള്ളിൽ കണ്ടെത്തിയെന്നും ഇത് ചോദ്യം ചെയ്‌തെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. പിന്നീട് പോലീസ് 18 കാരിയായ പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തനിക്ക് യുവാവിനൊപ്പം പോയാൽ മതിയെന്ന് യുവതി ശാഠ്യം പിടിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടിയെ കാക്കനാടുള്ള അഗതി മന്ദിരത്തിലേക്ക് മാറ്റി. എന്നാൽ ഇവിടെ നിന്നും കഴിഞ്ഞ ദിവസം പെൺകുട്ടി ആരുമറിയാതെ യുവാവിനൊപ്പം കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും പിടികൂടി മജിസ്ര്‌ടേറ്റിന് മുൻപിൽ ഹാജരാക്കി. ഇവിടെയും യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ട് യുവതി പൊട്ടിക്കരയുകയാണ് ചെയ്തത്. ഇതോടെ മാതാപിതാക്കൾ നിർദ്ദേശിക്കുന്ന ഹോസ്റ്റലിൽ താമസിക്കാൻ പെൺകുട്ടിയോട് മജിസ്‌ട്രേറ്റ് നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post