അരവണ പായസത്തിൽ കീടനാശിനിയുളള ഏലയ്ക്ക് ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഗുണനിലവാരമില്ലാത്ത ഏലയ്ക്ക പമ്പ കടന്ന് സന്നിധാനം വരെ എത്തുമ്പോഴും യാതൊരു പരിശോധനയും നടത്തുന്നില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. ഈ പ്രസാദം കാത്ത് വലിയൊരു വിശ്വാസി സമൂഹം ഇവിടെയുണ്ട്. തീർത്ഥാടന കാലത്ത് ഇത്തരം വിവാദങ്ങൾ ഉയർത്തിവിടുന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
“ഈ ഏലയ്ക്ക പമ്പ കടന്ന് സന്നിധാനത്ത് അരവണയിൽ ഉപയോഗിക്കുന്നത് വരെ യാതൊരു ഗുണ നിലവാര പരിശോധനയും ഇല്ലേ ? ഓരോ അയ്യപ്പനും ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ കൊണ്ട് വരുന്ന അരവണയും കാത്തിരിക്കുന്ന വലിയൊരു വിശ്വാസി സമൂഹമുണ്ട് . ശബരിമല തീർത്ഥാടനം നടക്കുമ്പോൾ വിവാദമുയർത്തിവിടുന്നത് കഷ്ടമാണ് . നിലവാരമില്ലാത്ത ഏലയ്ക്ക ഉപയോഗിക്കാൻ കാരണക്കാരായ ഒരാൾക്കെതിരെ എങ്കിലും നടപടി വരുമോ ? ” എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ അരണവയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ, പ്രസാദം വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക് ഭക്ഷ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യമാണ് ഏലയ്ക്കയിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നല്ല ഏലയ്ക്ക ലഭിച്ചില്ലെങ്കിൽ അത് ഇല്ലാതെയും പായസം ഉണ്ടാക്കാം എന്നാണ് കോടതി പറഞ്ഞത്.
Discussion about this post