കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റേയും മക്കളായ ജാൻവി, ജീവ എന്നിവരുടേയും മൃതദേഹങ്ങൾ ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിക്കും. ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ ഏതാനും മണിക്കൂറുകൾ പൊതുദർശനത്തിന് വച്ച ശേഷം ശനിയാഴ്ച തന്ന സംസ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ അഞ്ജുവിൻറെ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് കണ്ടെത്തി.
തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ടംഗ പോലീസ് സംഘവും കേരളത്തിലെത്തുന്നുണ്ട്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. ഹോം ഓഫീസിന്റെ അന്തിമ അനുമതി ലഭിച്ചാലുടനെ ഇവരും കേരളത്തിലെത്തുമെന്നാണ് വിവരം.
അഞ്ജുവിന്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ച വിമാനത്തിൽ ഈ ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫീസിന്റെ ഫൈനൽ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെയാണ് യാത്ര മാറ്റിയത്. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മാതാപിതാക്കളുടെ മൊഴിയെടുക്കും. കേസിലെ പ്രതിയായ സാജുവിന്റെ കണ്ണൂരിലെ വീട്ടിലെത്തിയും മൊഴിയെടുക്കും. ഇതുകൂടി ചേർത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുന്നത്.
Discussion about this post