കൊല്ലം: ജില്ലയിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു.
ഇന്ന് രാവിലെയാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇന്നലെ കൊല്ലം ചവറയിൽ നടത്തിയ പരിശോധനയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പരിശോധന നടത്തുന്നത് എന്നാണ് വിവരം.
ഇന്നലെ നടത്തിയ പരിശോധനയിൽ മുഹമ്മദ് സാദിഖ് നടത്തിയ യാത്രകളുടെ രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് വ്യാപകമായി പരിശോധന നടക്കുന്നത്. നിസാറുദ്ദീന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഡയറിയും തിരിച്ചറിയൽ രേഖകളും വിശദമായി പരിശോധിക്കും. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നാണ് സൂചന.
Discussion about this post