എറണാകുളം: ലോ കോളേജിൽ നിന്നും ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി നടി അപർണ ബാലമുരളി. വിദ്യാർത്ഥിയിൽ നിന്നും നേരിട്ട അനുഭവം വേദനയുണ്ടാക്കി. സംഭവത്തിൽ പരാതിപ്പെടുന്നില്ലെന്നും അപർണ പറഞ്ഞു.
ലോ കോളേജിലെ വിദ്യാർത്ഥിയിൽ നിന്നുമുണ്ടായ പെരുമാറ്റം വേദനപ്പിച്ചു. ഒരു സത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് തൊടുന്നത് ശരിയല്ല. ഇത് ഒരു ലോ കോളേജ് വിദ്യാർത്ഥി മനസ്സിലാക്കിയില്ല എന്നത് ഗൗരവമേറിയ കാര്യമാണ്. കൈ പിടിച്ച് തന്നെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽപ്പിച്ചത് തന്നെ ശരിയായില്ല. അത് മര്യാദയല്ല. വിദ്യാർത്ഥിയിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ അതൃപ്തി സംഘാടകരെ അറിയിച്ചിട്ടുണ്ട്. ആരോടും പരിഭവമില്ല. സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതിയില്ലെന്നും അപർണ വ്യക്തമാക്കി. നേരത്തെ കോളേജിലുണ്ടായ സംഭവത്തിൽ താൻ സ്തബ്ധയായിപ്പോയെന്ന് നടി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യൂണിയൻ പരിപാടിയിലും ഒപ്പം പുതിയ ചിത്രമായ ‘തങ്ക’ത്തിന്റെ പ്രമോഷൻ പരിപാടിയിലും പങ്കെടുക്കാൻ താരം ലോ കോളേജിൽ എത്തിയത്. പരിപാടിയ്ക്കിടെ പൂ കൊടുക്കാനായി വേദിയിലേക്ക് കയറി വിദ്യാർത്ഥി അപർണയെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എന്നാൽ നടി കുതറി മാറുകയും ഇക്കാര്യത്തിൽ അനിഷ്ടം പ്രകടിപ്പിക്കുകയുമായിരുന്നു.
Discussion about this post