എറണാകുളം: യൂണിയൻ പരിപാടിയ്ക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥിയായ വിഷ്ണുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വിഷ്ണുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്റേതാണ് നടപടി. നടിയോട് അപമര്യാദയായി പെരുമാറിയ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെതിരെ വലിയ പ്രതിഷേവും വിമർശനവുമാണ് ഉയരുന്നത്. വിദ്യാർത്ഥിയുടെ പ്രവൃത്തി കോളേജിന്റെ സൽപ്പേരിനെ ബാധിച്ചുവെന്ന് കൗൺസിൽ വിലയിരുത്തി. ഇതോടെയാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ പ്രിൻസിപ്പാൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യൂണിയൻ പരിപാടിയിലും ഒപ്പം പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷൻ പരിപാടിയിലും പങ്കെടുക്കാനായി അപർണ ബാലമുരളി ലോ കോളേജിൽ എത്തിയത്. അപർണയ്‌ക്കൊപ്പം നടൻ വിനീത് ശ്രീനിവാസൻ, ബിജിപാൽ എന്നിവരും ഉണ്ടായിരുന്നു. പരിപാടി പുരോഗമിക്കുന്നതിനിടെ പൂവുമായി വേദിയിലേക്ക് കയറിയ വിദ്യാർത്ഥി അപർണയുടെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അപർണ ഒഴിഞ്ഞുമാറി.
ഇതിന് പിന്നാലെ സംഘാടകർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷ്ണു മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കൗൺസിൽ ഒരുക്കമായിരുന്നില്ല. വിദ്യാർത്ഥിയുടെ പെരുമാറ്റം വളരെയധികം വേദനിപ്പിച്ചുവെന്നായിരുന്നു സംഭവത്തിൽ അപർണയുടെ പ്രതികരണം. വിദ്യാർത്ഥിയ്‌ക്കെതിരെ പരാതി നൽകില്ലെന്നും നടി പറഞ്ഞിരുന്നു.
Discussion about this post