ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും തകർത്ത പാകിസ്താനെ കൈവിട്ട് അന്താരാഷ്ട്ര നാണയ നിധിയും ഗൾഫ് രാജ്യങ്ങളും. പാകിസ്താനെ ഇനിയും സൗജന്യമായി തീറ്റിപ്പോറ്റാനാവില്ലെന്ന് സൗദിയും യുഎഇയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ അറിയിച്ചു.
അടുത്തയിടെ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറൽ അസീം മുനീറിനെ രാഷ്ട്രത്തലവന്മാർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇനിയെങ്കിലും പാകിസ്താൻ സാമ്പത്തിക പരിഷ്കരണ നടപടികൾ ആരംഭിച്ചില്ലെങ്കിൽ സ്ഥിതി നിയന്ത്രണാധീനമാകുമെന്നും ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര നാണയ നിധി പാകിസ്താന് നൽകാമെന്നേറ്റ വായ്പയുടെ ഇരുപത്തിനാലാം ഗഡു തടഞ്ഞ് വെച്ചിരിക്കുകയാണ്. നിലവിലെ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതും സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായിരിക്കുന്നതും കാരണമാണ് ഐ എം എഫ് വായ്പ തടഞ്ഞുവെച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താൻ നേരിടുന്നത്. പ്രതിവാര പണപ്പെരുപ്പം 31.83 ശതമാനത്തിലേക്ക് ഉയർന്നതോടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമാണ്. ഉള്ളി, കോഴിയിറച്ചി, മുട്ട, അരി, ധാന്യങ്ങൾ, ഉപ്പ്, വാഴപ്പഴം, ഗോതമ്പ്, വെളുത്തുള്ളി, റൊട്ടി, ബീഫ്, തേയില, ദാൽ, പാചകവാതകം, സോപ്പ് തുടങ്ങിയവയ്ക്ക് നാൾക്കുനാൾ വില ഉയരുകയാണ്. ഉള്ളിക്ക് ഒരു വർഷത്തിനിടെ 482 ശതമാനവും അരിക്ക് 56 ശതമാനവും ഇറച്ചിക്ക് 101 ശതമാനവുമായാണ് വില ഉയർന്നിരിക്കുന്നത്.
Discussion about this post