ഒരു ആകാരത്തിൽ രണ്ടു കഥാപാത്രങ്ങളാവുക. ഒരു നടനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ചലഞ്ചാണ്. പിന്നെ വെറുമൊരു സാധാരണ നടനല്ലല്ലോ അതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന്റെ ഗുണം സ്‌ക്രീനിൽ തെളിയുന്നുണ്ട്. എന്നാൽ മഹാനടന് പെർഫോം ചെയ്യാൻ ഒരു ടെംപ്ളേറ്റ് ഒരുക്കിക്കൊടുത്ത് വെറുതെ മാറി നിൽക്കുകയല്ല ലിജോ ജോസ് പെല്ലിശ്ശേരി. അതിനുമപ്പുറം കുത്തിനോവിക്കുന്ന ഒരു അവസ്ഥാവിശേഷത്തിന്റെ രണ്ടറ്റങ്ങളിൽ നിൽക്കുന്ന രണ്ടു പെണ്ണുങ്ങളുടെ ധർമ്മസങ്കടങ്ങളെക്കൂടി ഉള്ളു പൊള്ളുന്ന തരത്തിൽ പറഞ്ഞു വെച്ചിട്ടുണ്ട്. ഔട്ട് ആൻഡ് ഔട്ട് മമ്മൂട്ടി സിനിമയാണ് നൻപകൽ നേരത്ത് മയക്കം എന്ന് കരുതിയാണ് കാണാൻ പോയത്. ചിലയിടങ്ങളിൽ ലൗഡ്സ്പീക്കറിലെ മൈക്ക് കയറി വരുന്നത് ഒഴിച്ചാൽ അദ്ദേഹം ജെയിംസിനെയും സുന്ദരത്തെയും കൃത്യമായി ഉൾക്കൊണ്ട് തന്നെ ജീവൻ കൊടുത്തിട്ടുണ്ട് .
നൈസർഗികമായ സൗന്ദര്യമുള്ളവർക്ക് ആ സൗന്ദര്യത്തെക്കുറിച്ചുള്ള അവബോധം പരിപൂർണ്ണമായി അവഗണിച്ചു കൊണ്ട് , അക്ഷരാർത്ഥത്തിൽ കൈമെയ് മറന്നൊരു കഥാപാത്രമാവാൻ ശ്രമിക്കുമ്പോൾ ഒരു വഴക്കമില്ലായ്മ കയറി വരാറുണ്ട്. എന്നാൽ ഇവിടെ അത് ഒട്ടുമില്ല. തികച്ചും അനായാസമായിട്ടാണ് ആ ശരീരഭാഷയും ക്യാമറയ്ക്ക് മുന്നിലെ പെരുമാറ്റവും. തലയെടുപ്പോടെയുള്ള ശരീരഭാഷയും നടത്തവുമായി ജെയിംസ്… ഒന്ന് ഒഴുകി ഇളകി നീങ്ങുന്ന സുന്ദരം. ഇതിന്റെ ജീവാത്മാവും പരമാത്മാവുമൊക്കെ മമ്മൂട്ടിയാണ്. അത് ലിജോയ്ക്കും നന്നായി അറിയാം അതുകൊണ്ട് തന്നെ മമ്മൂട്ടിയെ പരമാവധി ഊറ്റി എടുത്തിട്ടുമുണ്ട്. മമ്മൂട്ടിയുള്ള ഫ്രെയിമുകളിൽ ഒക്കെ ഒത്ത നടുക്ക് തന്നെ അദ്ദേഹത്തെ നിർത്തിയിട്ടുണ്ട്. എന്നാൽ അങ്ങിനെയൊക്കെ പറയുമ്പോഴും മമ്മൂട്ടിയുടെ അഭിനയം മാത്രമല്ല ഈ ചിത്രം. വളരെ വിചിത്രവും, അതെ സമയം വേദനാജനകവുമായ ഒരു അവസ്ഥാവിശേഷത്തിലൂടെ കടന്നു പോവുന്ന വ്യത്യസ്ത ചുറ്റുപാടുകളിലുള്ള ഒരു കൂട്ടം മനുഷ്യരുടെ ധർമ്മസങ്കടങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. ആമേനിലും, അങ്കമാലിയിലും ഒക്കെ സ്വീകരിച്ചിരുന്ന ദൃശ്യഭാഷയിൽ നിന്നേറെ വ്യത്യസ്തമാണ് നൻപകലിന്റേത്. ക്യാമറ ഏറിയ പങ്കും നിശ്ചലമാണ്.. ദീർഘനേരം നിൽക്കുന്ന സിംഗിൾ ഷോട്ടുകൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. കാഴ്ചകൾ ഏറെയും ഉള്ളിൽ നിന്നും പുറത്തേക്കാണ്.
സിനിമയെക്കുറിച്ച് മൊത്തത്തിൽ എടുത്ത് പറയുകയാണെങ്കിൽ കുറച്ചു ലാഗുള്ളത് അവഗണിച്ചാൽ പൊതുവെ ആസ്വാദ്യകരമായ ഒന്നാണ് എന്ന് പറയാം. ഇയ്യിടെയായി മലയാളഭാഷയിൽ ഇറങ്ങുന്ന ഒരുമാതിരിപ്പെട്ട സിനിമകളേക്കാൾ എല്ലാം ഒരു പടി മുകളിൽ തന്നെയാണ് ഈ ചിത്രം. പൊതുവെ ഒരു നരച്ച, കത്തിക്കാളുന്ന വെയിലിന്റെ ഒരു മടുപ്പിക്കുന്ന ഒരു ടോണാണ് സിനിമയ്ക്ക്. പഴയ തമിഴ് ക്‌ളാസിക്ക് ഗാനങ്ങൾ പലതും പശ്ചാത്തലം ഒരുക്കുന്നുണ്ട്. ജെല്ലിക്കട്ട്, അങ്കമാലി, ഈമെ യൗ, ആമേൻ തുടങ്ങിയ മുൻ ചിത്രങ്ങളേക്കാൾ വളരെ വ്യത്യസ്തമായ ഒരു ക്ളൈമാക്സ് ആണ് ലിജോ ഒരുക്കിയിരിക്കുന്നത്. കായോട്ടിക്ക് ആയ രീതിയിൽ കൊണ്ട് പരിസമാപിക്കുന്ന തന്റെ തഴക്കം ഇവിടെ ഒന്ന് അദ്ദേഹം മാറ്റിപ്പിടിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ ദേഹവും മറ്റൊരു വ്യക്തിയുടെ ദേഹിയും ചേരുമ്പോൾ ആർക്കൊക്കെ അയാൾ ആരാണ്? ഒതുക്കത്തോടെ പറഞ്ഞു പോവുന്ന. കുറച്ചു ചോദ്യങ്ങൾ അവസാനിപ്പിക്കുന്ന, അതെ സമയം വേദനിപ്പിക്കുന്ന, ഒരു ചിത്രം. അശോകനും, രാജേഷ് ശർമ്മയും വിപിൻ അറ്റ്ലിയും, തെന്നവനും അടക്കം വളരെ കുറച്ചു പരിചിതങ്ങളായ മുഖങ്ങളേയുള്ളൂ. മറ്റുള്ള കാരക്ടറുകൾ ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത്, താരതമ്യേന മലയാള സിനിമയിൽ ഏറെ കണ്ടിട്ടില്ലാത്ത അഭിനേതാക്കളാണ്. ആരും മോശമാക്കിയിട്ടില്ല. ഒടുവിൽ പറയുകയാണെങ്കിൽ എത്രയൊക്കെയായലും വെറും നേരം കൊല്ലാൻ എന്റർടൈൻമെന്റ് ആഗ്രഹിച്ചു കാണാൻ ഇറങ്ങുന്നവർക്ക് ഒരു പക്ഷെ ചിത്രം നിരാശ സമ്മാനിക്കും.
Discussion about this post