ധോണി: മാസങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് വച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ജനവാസ കേന്ദ്രത്തിനും ഉൾക്കാടിനും ഇടയിലുള്ള പ്രദേശമാണിത്. 30 മിനിട്ട് സമയമെടുത്തായിരിക്കും ആന മയങ്ങുക. ആവശ്യമെങ്കിൽ മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. അതുകൊണ്ട് തന്നെ ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു.
ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആനയെ കൊണ്ടുവരാനുള്ള റാംപും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിനുള്ളിൽ എത്തിച്ചു. മൂന്ന് കുങ്കി ആനകളേയും വനത്തിനുള്ളിൽ എത്തിച്ചിട്ടുണ്ട്. വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ കുങ്കി ആനകളെയാണ് കാട്ടിൽ എത്തിച്ചത്. 8.45ഓടു കൂടിയാകും ആനയെ പ്രദേശത്ത് നിന്ന് നീക്കുന്നത്. ആനയെ വെടിവച്ചതിൽ ആശ്വാസമുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി.
Discussion about this post