കോഴിക്കോട്: അഞ്ചുവയസുകാരനോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. ഓട്ടോയിൽ തുപ്പിയെന്ന പേരിൽ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു. കഴിഞ്ഞ ദിവസം വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്ത് പോലീസിനോട് റിപ്പോർട്ട് തേടി.
വാഹനത്തിൽ തുപ്പിയിട്ടുണ്ടെങ്കിൽ അത് പറയാമായിരുന്നുവെന്നും വേണ്ട പരിഹാരം ചെയ്ത് നൽകാമായിരുന്നുവെന്നും രക്ഷിതാവ് പറയുമ്പോൾ, അവൻ തുപ്പിയതിന് എന്റെ വസ്ത്രം കൊണ്ടാണോ തുടയ്‌ക്കേണ്ടത് എന്നാണ് ഡ്രൈവർ ആക്രോശിക്കുന്നത്. നിങ്ങൾ കുട്ടിയെ പറഞ്ഞ് മനസിലാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് മനസിലാക്കേണ്ടി വരുമെന്ന് ഡ്രൈവർ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തായിട്ടുണ്ട്.
കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവർ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടി പുറത്തേക്ക് തുപ്പുമ്പോൾ അബദ്ധത്തിൽ ഓട്ടോയിൽ ആവുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post