തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയോട് ഗവർണർ വിശദീകരണം തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി സമർപ്പിച്ച പരാതിയിലാണ് നടപടി.
കേരള സർവ്വകലാശാല വിസി ഡോ. മോഹൻ കുന്നുമ്മലിനോട് ആണ് റിപ്പോർട്ട് തേടിയത്. ലഭിച്ച പരാതികൾ വിസിയ്ക്ക് ഗവർണർ കൈമാറിയിട്ടുണ്ട്. വിസി നൽകുന്ന വിശദീകരണം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് സർവ്വകലാശാല ചാൻസിലർ കൂടെയായ ഗവർണറുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ആയിരുന്നു പരാതിയിലെ ആവശ്യം. ചിന്തയുടെ പ്രബന്ധത്തിൽ വസ്തുതാപരമായി നിരവധി പിഴവുകൾ ഉണ്ട്. ഇതിന് പുറമേ പ്രബന്ധം കോപ്പിയടിച്ചെന്ന ആരോപണവും പരാതിയിൽ കമ്മിറ്റി ആരോപിക്കുന്നു.
ദിവസങ്ങളായി ഉയരുന്ന വിവാദങ്ങളിലും വിമർശനങ്ങളിലും ചിന്ത നാളിതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച അബദ്ധം സംഭവിച്ചതാണെന്ന വിശദീകരണവുമായി ചിന്ത രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗവർണർ വിശദീകരണം തേടിയത്. അതേസമയം ചിന്തയുടെ പ്രബന്ധം വിദഗ്ധ സമിതി പരിശോധിക്കും.
Discussion about this post