ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ. ഇറാൻ-പാകിസ്താൻ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പാകിസ്താൻ 18 ബില്ല്യൺ ഡോളർ (14,747 കോടി) പിഴയായി അടയ്‌ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പദ്ധതി പാകിസ്താനിലൂടെ കടന്നു പോകുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
അടുത്ത വർഷം മാർച്ച് വരെയാണ് ഇറാൻ പാകിസ്താന് മുന്നിൽ സമയപരിധി വച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും. ഇറാന്റെ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അവർ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമാണ് പദ്ധതി പൂർത്തിയാക്കുന്നതിൽ തടസ്സമായി പാകിസ്താന് മുന്നിലുള്ളത്.
പീസ് പ്രോജക്ട് എന്നറിയപ്പെടുന്ന ഇറാൻ-പാകിസ്താൻ പൈപ്പ് ലൈൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയേയും ഉൾപ്പെടുത്തിയിരുന്നു. ഇറാനിൽ നിന്നും പാചകവാതകം പാകിസ്താൻ വഴി ഇന്ത്യയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 1700 മൈൽ നീളത്തിൽ 7.5 ബില്ല്യൺ ഡോളറായിരുന്നു പദ്ധതിക്ക് ചെലവായി കണക്കാക്കിയത്. ഇതിനായി മൂന്ന് രാജ്യങ്ങളും കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ പാകിസ്താൻ ചുമത്തിയ അധിക നികുതിയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ഇന്ത്യ കരാറിൽ നിന്ന് പിന്മാറി.
എങ്കിലും പാകിസ്താനും ഇറാനും പദ്ധതിയുമായി മുന്നോട്ട് പോയി. 2009ൽ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിടുകയും ചെയ്തു. 2014-15ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2024ഓടെ പാകിസ്താൻ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അന്താരാഷ്ട്ര കോടതിയെ അടക്കം സമീപിക്കാനുള്ള നീക്കത്തിലാണ് ഇറാൻ.
Discussion about this post