തിരുവനന്തപുരം: വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. ബജറ്റ് വിവരങ്ങളും രേഖകളും ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നികുതികളും ഫീസുകളും കൂട്ടിയേക്കുമെന്ന സൂചനയുമുണ്ട്.
നികുതികൾ കൂട്ടുന്നതിന് പുറമെ സർക്കാർ സേവനങ്ങൾക്ക് കൂടുതൽ പണം ഈടാക്കാനും പിഴത്തുകകൾ കൂട്ടാനുമെല്ലാം നടപടി വരും. കിഫ്ബി വഴിയുള്ള വൻകിട പദ്ധതി പ്രഖ്യാപനങ്ങൾ ഇക്കുറി ഉണ്ടായേക്കില്ല. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക വിഭവ സമാഹരണം ലക്ഷ്യമിടുന്ന ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുന്നത്. വരുന്ന ബജറ്റുകളെല്ലാം തിരഞ്ഞെടുപ്പ് വർഷങ്ങളിലാകും എന്നതിനാൽ അധിക വിഭവ സമാഹരണത്തിന് അവസരമൊരുക്കുന്ന അവസാന ബജറ്റാകും ഇക്കുറി.
അതേസമയം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും നിലവിൽ വന്നിട്ടില്ല. 50 കോടിനീക്കി വച്ച വർക്ക് നിയർ ഹോം, തോട്ടങ്ങളിലെ പഴവർഗ കൃഷി, കിഴങ്ങുവർഗങ്ങളിൽ നിന്ന് സ്പിരിറ്റ് എന്നീ പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. കെഎസ്ആർടിസിയെ സിഎൻജി ബസുകളിലേക്ക് മാറ്റൽ, ഡാമുകളിൽ നിന്നുള്ള മണൽ വാരൽ തുടങ്ങീ പഴയ പദ്ധതി നിർദ്ദേശങ്ങളെല്ലാം ഇക്കുറിയും ബജറ്റിൽ ആവർത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.
Discussion about this post