ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും ചൈനീസ് ചാര ബലൂണുകൾ എത്തി. ലാറ്റിൻ അമേരിക്കയിലാണ് ഇന്നലെ രാത്രിയോടെ ചാര ബലൂണുകൾ എത്തിയത്. ഇക്കാര്യം അമേരിക്കയുടെ പ്രതിരോധ സ്ഥാപനമായ പെന്റഗണും സ്ഥിരീകരിച്ചു.
ലാറ്റിൻ അമേരിക്കയിൽ വീണ്ടും ചൈനയുടെ ചാര ബലൂണുകൾ എത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലാറ്റിൻ അമേരിക്കയിൽ എവിടെയാണ് ബലൂൺ കണ്ടതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച യുഎസിലേക്ക് ചൈന ചാര ബലൂണുകൾ അയച്ചിരുന്നു. ഇതിൽ അമേരിക്കയുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു വീണ്ടും ബലൂൺ പ്രത്യക്ഷപ്പെട്ടത്. യുഎസിൽ കണ്ട അതേ ബലൂൺ ആണോ ലാറ്റിൻ അമേരിക്കയിൽ കണ്ടത് എന്ന കാര്യം വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം യുഎസിൽ എത്തിയത് ചൈനയുടെ എയർഷിപ്പ് ആണെന്നും, നിരീക്ഷണത്തിനല്ല, മറിച്ച് ഗവേഷണത്തിനായാണ് ഇത് ഉപയോഗിക്കുന്നത് എന്നതുമായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു അമേരിക്കയുടെ പ്രതികരണം.
Discussion about this post