കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പല തലകളും ഉരുളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എറണാകുളം ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാതിരുന്ന ജില്ലാ ഭരണകൂടത്തിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. കളക്ടർ തക്ക സമയത്ത് നടപടി എടുക്കാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് അനാസ്ഥ. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തക്കതായ നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എറണാകുളം കങ്ങരപ്പടിയിൽ വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം.
വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. എം ജി റോഡിൽ കുഴി തുറന്നിരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്? ജില്ലാ കളക്ടർ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും പറയാൻ ബാദ്ധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റെവിടെയെങ്കിലുമാണെങ്കിൽ നഷ്ടപരിഹാരം നൽകി സർക്കാർ മുടിയുമായിരുന്നുവെന്നും കോടതി പറഞ്ഞു.
ഏതൊരു വികസിത സമൂഹത്തിലും ജനങ്ങളുടെ ജീവന് വിലയുണ്ട്. ഇവിടെ അങ്ങനെയല്ല. പത്രവാർത്തകളിൽ മാത്രമായി റോഡപകടങ്ങൾ ഒതുങ്ങി പോകുന്നു. കൊച്ചി എം ജി റോഡിൽ മിക്കയിടങ്ങളിലും അപകട കെണികളുണ്ട്. ഇവയൊക്കെ റിബൺ കെട്ടി മറയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post