കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് കിലോ സ്വർണവും 13.5 ലക്ഷം രൂപയും പിടികൂടി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ജ്വല്ലറി ഉടമ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തു. ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫർ, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പിടികൂടിയ സ്വർണത്തിന് നാല് കോടിയിലധികം രൂപ വില വരുമെന്ന് ഡിആർഐ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. വിവിധ വിമാനത്താവളങ്ങൾ വഴി എത്തുന്ന സ്വർണം ഇവിടെ എത്തിച്ചാണ് വേർതിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
കള്ളക്കടത്തിന്റെ തെളിവുകളും സ്വർണ മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്. മിശ്രിത രൂപത്തിൽ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വർണം ഇവിടെ എത്തിച്ച് ഉരുക്കി എടുക്കുകയാണ് പതിവ്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വർണം ഒളിപ്പിച്ച് കൊണ്ടുവരുന്നതിന്റെ തെളിവുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് ഡി.ആർ.ഐ. അറിയിച്ചു. അതേസമയം മറ്റ് ചിലരും കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം.
Discussion about this post