കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. കോടതിയില്‍ ഇഡി കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ രാത്രിയാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. നയതന്ത്രപാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ശിവശങ്കർ ഇഡിയോട് സഹകരിച്ചില്ലെന്നാണ് വിവരം. ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ കെട്ടുകഥയാണെന്നാണ് ശിവശങ്കറിന്റെ വാദം
കഴിഞ്ഞ 31നാണ് ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്‌നയുടേയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ്. ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്‌ന ഇഡിക്ക് മൊഴി നൽകിയിരുന്നു. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപ കോഴയായി നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു.
Discussion about this post