കൊച്ചി: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിൽ കാവി നിറത്തിന് പിണറായി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് റദ്ദാക്കി കേരള ഹൈക്കോടതി. ക്ഷേത്ര ഉത്സവം നടത്തുന്ന ചുമതല ദേവസ്വം ബോർഡിനും ക്ഷേത്രങ്ങൾക്കും ആണെന്നും അതിൽ ജില്ലാ മജിസ്‌ട്രേറ്റിനോ പോലീസിനോ ഇടപെടാൻ അധികാരമില്ലെന്നും കോടതി വിധിച്ചു.
ക്ഷേത്ര ഉത്സവത്തിന് ഇന്ന നിറം ഉപയോഗിക്കണമെന്നോ ഉപയോഗിക്കരുതെന്നോ പറയാൻ പോലീസിനോ ജില്ലാ മജിസ്‌ട്രേറ്റിനോ അധികാരമില്ല എന്നും കോടതി വ്യക്തമാക്കി. ക്ഷേത്ര ഉത്സവത്തിന് കാവി നിറം ഉപയോഗിക്കാൻ പാടില്ല എന്ന പിണറായി വിജയൻ സർക്കാരിന്റെ ഉത്തരവ് ഇതോടെ അയോഗ്യമാക്കപ്പെട്ടു.
ക്ഷേത്രോത്സവത്തിൽ കാവി ഉപയോഗിക്കരുതെന്ന് പോലീസാണ് ഉത്തരവിട്ടത്. ഉത്സവത്തിനോട് അനുബന്ധിച്ചുള്ള അലങ്കാരപ്പണികൾ പുരോഗമിക്കുന്നതിനിടെ മുഴുവനും നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവി കൊണ്ടുള്ള തോരണങ്ങളും ആർച്ചുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതെല്ലാം നീക്കി പല നിറങ്ങൾ കൊണ്ട് അലങ്കരിക്കാനായിരുന്നു പോലീസിന്റെ നിർദേശം.
എന്നാൽ, ഉത്സവക്കമ്മിറ്റിയുമായി കൂടി ചേർന്ന് മാത്രമേ ഇതിൽ തീരുമാനം കൈക്കൊള്ളാൻ കഴിയുള്ളൂ എന്ന് അധികൃതർ പറഞ്ഞെങ്കിലും അലങ്കാരങ്ങൾ നീക്കം ചെയ്യണമെന്ന പിടിവാശിയിൽ പോലീസ് ഉറച്ച് നിൽക്കുകയായിരുന്നു. കേരള പോലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും മുഖത്തേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ഹിന്ദു സംഘടനാ നേതാക്കൾ വ്യക്തമാക്കി. ക്ഷേത്രോത്സവത്തിൽ കാവി നിറം വിലക്കിയതിനെതിരെ ക്ഷേത്ര ഉപദേശക സമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Discussion about this post