കണ്ണൂർ; പാർട്ടി നേതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിശദീകരണയോഗവുമായി സിപിഎം. തില്ലങ്കേരിയിലാണ് യോഗം വിളിക്കുക.
സമൂഹമാദ്ധ്യമങ്ങളിലൂടെ ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎമ്മിന്റെ ധൃതി പിടിച്ച നീക്കം. പി. ജയരാജനെ അടക്കം രംഗത്തിറക്കാനാണ് സിപിഎം നീക്കം. ശുഹൈബ് കൊല്ലപ്പെടുമ്പോൾ പി ജയരാജനായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി. ആകാശിന്റെ പ്രകോപനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണയോഗം വിളിക്കാനുളള തീരുമാനമെടുത്തത്.
ആകാശ് പറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനാകും സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തിന്റെ വേദി വിനിയോഗിക്കുക. ആകാശിനെ കൂടുതൽ പ്രകോപിപ്പിക്കുന്നത് ശൂഹൈബ് വധക്കേസിൽ തിരിച്ചടിയാകുമെന്ന ഭയം സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശുഹൈബിന്റെ കുടുംബവും കോൺഗ്രസും സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. 2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബ് കൊല്ലപ്പെട്ടത്.
ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയുമാണെന്നും പാർട്ടി സംരക്ഷിക്കാത്തത് കൊണ്ടാണ് സ്വർണക്കടത്തിലേക്ക് ഉൾപ്പെടെ തിരിഞ്ഞതെന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു.
ആകാശ് തില്ലങ്കേരി എന്ന ക്രിമിനലിന് മുന്നിൽ സിപിഎം പേടിച്ച് വിറച്ച് നിൽക്കുകയാണെന്നും ക്രിമനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്ന് തള്ളിയതിന്റെ തിക്തഫലമാണ് സിപിഎം ഇപ്പോൾ അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. പാർട്ടിയെ ക്രിമിനലുകൾ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന അപകടകരമായ അവസ്ഥയാണിത്. സിപിഎം ഒരു ജനാധിപത്യപ്രസ്ഥാനമല്ല മറിച്ച് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമാണെന്നും സതീശൻ ആരോപിച്ചിരുന്നു.
Discussion about this post