കണ്ണൂർ: ആകാശിനെതിരെ ഒന്നും ഉരിയാടാതെ തില്ലങ്കരിയിലെ രാഷ്ട്രീയ വിശദീകരണയോഗം. പാർട്ടിയുടെ മുഖം രക്ഷിക്കാനായി ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യോഗം നനഞ്ഞ പടക്കമായി മാറി. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിനെ പേരെടുത്ത് വിമർശിക്കാൻ പോലും ധൈര്യം കാണിക്കാതെ എംവി ജയരാജനും പി ജയരാജനും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞാണ് വിശദീകരണ യോഗം പൊലിപ്പിച്ചത്.
ബിജെപി ക്കുവേണ്ടി കോൺഗ്രസ് നടത്തുന്ന സമരമാണ് കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി. കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ കടുത്ത വിവേചനം ചർച്ചയാകാതിരിക്കാനുള്ള ബിജെപി ആഗ്രഹം കോൺഗ്രസ്സ് നടത്തിക്കൊടുക്കുകയാണെന്നും എംവി ജയരാജൻ വിമർശിച്ചു.
കേരളത്തെ സാമ്പത്തികമായുൾപ്പടെ ഞെരിക്കാൻ കേന്ദ്ര ബി ജെ പി സർക്കാർ തയ്യാറാകുമ്പോൾ, കേരളത്തിനൊപ്പം യോജിച്ച് നിൽക്കാൻ തയ്യാറാകാതെ, ബി.ജെ.പി ഇംഗിതത്തിനൊപ്പം കൂട്ടുചേരുന്ന കോൺഗ്രസ്സ് സമീപനം ജനങ്ങളാകെ മനസ്സിലാക്കിയതാണെന്നും എംവി ജയരാജൻ പറഞ്ഞു.
ചുവപ്പ് തോർത്ത് തലയിൽ കെട്ടി നടന്നാൽ ഞാനാകെ ചുവപ്പിന്റെ ആളാണെന്ന് വിചാരിച്ചിട്ട് കാര്യമില്ലെന്നും ചുവപ്പ് മനസിൽ വേണമെന്നും, എംവി ജയരാജൻ ആകാശിന്റെ പേര് പറയാതെ പരഹസിച്ചു. നാടിനോട് കൂറുണ്ടെങ്കിൽ പേരിനോട് ചേർന്ന സ്ഥല പേര് മാറ്റണമെന്നു എംവി ജയരാജൻ ആവശ്യപ്പെട്ടു.
സിപിഐഎം ക്വട്ടേഷനെ എതിർക്കുന്ന രീതിയിൽ മറ്റ് പാർട്ടികൾ എതിർക്കുമോയെന്നും ഒരൊറ്റ രൂപ കള്ളപ്പണം വാങ്ങിക്കാത്ത പാർട്ടി തില്ലങ്കേരിയുടെ രക്തസാക്ഷികളുടെ പാർട്ടിയാണെന്നും എംവി ജയരാജൻ പറഞ്ഞു. ക്വട്ടേഷൻകാരെ സിപിഎമ്മിന്റെ പ്രമോഷൻ പരിപാടി ഏൽപ്പിച്ചിട്ടില്ല. എന്നിട്ടും അത് ചെയ്യുന്നുണ്ടെങ്കിൽ ഉളുപ്പില്ലായ്മയാണെന്ന് എംവി ജയരാജൻ പറഞ്ഞു.
ക്വട്ടേഷൻ ഒരു സാമൂഹ്യ തിന്മയാണ്. പെട്ടെന്ന് ഉണ്ടാക്കുന്ന പണം കൊണ്ട് കൊട്ടേഷൻ കാർ മണി മാളിക പണിയുന്നു. ആറും ഏഴും പട്ടികളെ വളർത്തി അസാധാരണ ജീവിതം നയിക്കുന്നു. സമ്പത്തിലൂടെ എന്തും നേടാമെന്ന ഹുങ്കാണ് ഇതിന് പിന്നിൽ. ക്വട്ടേഷനെ ചോദ്യം ചെയ്താൽ ഫോണിലൂടെയും അല്ലാതെയും ഭീഷണി. ഭീഷണിപ്പെടുത്താൻ വന്നാൽ അതിന് മുന്നിൽ മുട്ടുമടക്കാൻ മനസില്ലെന്ന് പറയണം. പി ജയരാജനും ബിജൂട്ടിയുമെല്ലാം തെറ്റിനൊപ്പം നിന്നിരുന്നുവെങ്കിൽ ഇങ്ങനെ അക്രമിക്കപ്പെടുമായിരുന്നില്ലെന്ന് എംവി ജയരാജൻ പറഞ്ഞു.
Discussion about this post