കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി.പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ നടക്കുന്ന പരിപാടിയിൽ നിന്ന് ഇ.പി.ജയരാജൻ വിട്ടുനിന്നത് പാർട്ടിക്കും ക്ഷീണമായി. നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണ് ഇ.പി ജാഥയിൽ പങ്കെടുക്കാത്തത് എന്നാണ് സൂചന.
കണ്ണൂരിൽ ജാഥ എത്തിയ ഒരു വേദിയിലും ഇപി പങ്കെടുത്തില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇപി പങ്കെടുക്കാത്തത് എന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. താൻ ജാഥാ അംഗമല്ലെന്നും, മറ്റ് തിരക്കുകൾ ഉണ്ടെന്നുമാണ് ഇപിയുടെ വിശദീകരണം. കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം തന്നെ തഴഞ്ഞ് എംവി.ഗോവിന്ദനെ പാർട്ടി സെക്രട്ടറി ആക്കിയതിൽ ഇപിക്ക് അതൃപ്തിയുണ്ട്. ഇതിന് പിന്നാലെ ഇപി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും തുടങ്ങിയിരുന്നു.
കാസർകോട് നിന്ന് ആരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിൽ ഉണ്ടായിരുന്നിട്ട് കൂടി ജയരാജൻ ഉദ്ഘാടനത്തിന് എത്തിയില്ല. റിസോർട്ട് വിവാദത്തിൽ പാർട്ടി തനിക്ക് അനുകൂലമായി പ്രതികരിക്കാത്തതിലും ഇപിക്ക് അതൃപ്തി ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
Discussion about this post