തിരുവനന്തപുരം: സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പോലീസ് സ്റ്റേഷനിൽ ഹാജരായി. മൊഴി നൽകാൻ രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹം തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മുൻപാകെ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു
സ്റ്റേഷനിൽ എത്തിയത്.
രേഖാമൂലമാണ് വിനു വി ജോൺ മൊഴി നൽകിയത്. പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ ദിവസത്തെ ചാനൽ ചർച്ചയുടെ മുഴുവൻ വീഡിയോയും പോലീസിന് മുൻപാകെ ഹാജരാക്കി. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് തന്റെ കർത്തവ്യം. അതാണ് ന്യൂസ് അവറിലൂടെ ചെയ്തതെന്ന് വിനു പോലീസിനോട് പറഞ്ഞു.
ബുധനാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിനുവിന് പോലീസ് നോട്ടീസ് നൽകിയത്. അസാധാരണ നിബന്ധനകൾ ഉൾപ്പെടുത്തിയായിരുന്നു നോട്ടീസ്. തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയ കർശന ഉപാധികൾ നോട്ടീസിൽ ഉണ്ടായിരുന്നു. സിആർപിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ് എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 48 മണിക്കൂർ നടത്തിയ പണിമുടക്കിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പേരാണ് സിഐടിയുവിന്റെ അക്രമങ്ങൾക്ക് ഇരയായത്. ഇവരെ അപമാനിക്കുന്ന തരത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്ത എളമരം കരീമിന്റെ പ്രതികരണം. ഇതിനെ വിമർശിച്ചതാണ് വിനുവിനെതിരെ പരാതി നൽകാൻ കാരണം. കേസ് എടുത്ത വിവരം പോലും ഒരു വർഷത്തോളം കാലം പോലീസ് മറച്ചുവച്ചു. അടുത്തിടെ പാസ്‌പോർട്ട് പുതുക്കാനായി അപേക്ഷ നൽകിയപ്പോഴായിരുന്നു കേസിന്റെ വിവരം അറിയുന്നത്.
Discussion about this post