അമൂല്യവും ആരോഗ്യപ്രദവുമായ ഒന്നാണ് മുലപ്പാൽ. ഒരു കുഞ്ഞ് ഭൂമിയിലേക്ക് ജനിച്ചുവീണാൽ അമ്മയുടെ മുലപ്പാലാണ് ആദ്യം നുകരുക. ഇതിന് പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊരു ഭക്ഷണപഥാർത്ഥവുമില്ല എന്ന് തന്നെ പറയാം. അമ്മയുടെ പാൽ കുടിക്കുന്നത് കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും ആരോഗ്യമേകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ ശാരീരിക, മാനസിക വളർച്ചയ്ക്ക് പ്രധാനമായ ഒന്നാണ് മുലപ്പാൽ. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ച് ആറ് മാസക്കാലം വരെ സ്ഥിരമായി മുലപ്പാൽ കൊടുക്കണം. അതിന് ശേഷം ഖരഭക്ഷണങ്ങൾ കൊടുത്തുതുടങ്ങാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മറ്റ് ഭക്ഷണത്തോടൊപ്പം മുലപ്പാലും കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ട്. ദിവസം എട്ട് മുതൽ 12 തവണ വരെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാവുന്നതാണ്.
അതേസമയം കുഞ്ഞ് വളരുമ്പോൾ പതുക്കെ മുലയൂട്ടൽ നിർത്താനും പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത് അമ്മയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കും. എന്ന് കരുതി ഒരു രാത്രികൊണ്ട് ഒരിക്കലും ഇത് നിർത്താൻ ശ്രമിക്കരുത്. ഇത് കുഞ്ഞിനെ വിഷമത്തിലാഴ്ത്താൻ സാധ്യതയുണ്ട്.
അതുകൊണ്ട് കുഞ്ഞിന് ഒരു വയസ് കഴിയുമ്പോൾ തന്നെ മുലയൂട്ടൽ പതുക്കെ പതുക്കെ നിർത്താൻ ശ്രമിക്കാവുന്നതാണ്. ഇതിനായി കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ നൽകി ശീലിപ്പിക്കാം. പലപ്പോഴും അമ്മമാരുടെ സൗകര്യാർത്ഥമാണ് ഇത് ചെയ്യുന്നത്. നാലും അഞ്ചും വയസ് വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകേണ്ട ആവശ്യമില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
Discussion about this post