ത്രിപുരയിൽ തുടർച്ചയായി രണ്ടാം തവണയും സിപിഎം തകർച്ച നേരിടുകയാണ്. ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈ കോർത്തെങ്കിലും, അത് പാർട്ടിക്ക് തന്നെ വിനയായി മാറി. ലഭിക്കേണ്ട സീറ്റ് പോലും സിപിഎമ്മിന് നഷ്ടമാവുകയല്ലാതെ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടായില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അവസാനത്തെ കനൽത്തരി ജ്വലിക്കാതെ വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. അതിനിടെ 2018 ൽ സിപിഎം തോൽവി നേരിട്ടപ്പോൾ ന്യായീകരണവുമായി രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.
ബിജെപി എന്ന് പേരു മാറ്റിയ കോൺഗ്രസാണ് ത്രിപുരയിൽ വിജയിച്ചത് എന്നാണ് അന്നത്തെ എംഎൽഎ ആയിരുന്ന സ്വരാജ് പറഞ്ഞത്. പുതിയ സാഹചര്യത്തിൽ പുതിയ പേരിൽ തന്നെയാവും തുടർന്നും ത്രിപുരയിലെ കോൺഗ്രസ് അറിയപ്പെടുക. എന്നാൽ യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്‌പോഴും ശരി വിജയിക്കണമെന്നില്ല. ത്രിപുരയിൽ സിപിഎം പരാജയപ്പെട്ടു എന്നത് വാസ്തവമാണ്. എന്നാൽ 3% വോട്ട് മാത്രമാണ് കുറഞ്ഞത്. പക്ഷേ തോറ്റെങ്കിലും തകർന്നുപോയിട്ടില്ല. ശരി ചിലപ്പോഴെങ്കിലും തോൽക്കും, തെറ്റായ നിലപാടും രാഷട്രീയവും വിജയിക്കും, പക്ഷെ ആത്യന്തികമായ വിജയം ശരിക്കു തന്നെയാണ് വിജയമെന്നും സിപിഎം നേതാവ് അവകാശപ്പെട്ടു.
എം സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ്
”ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നിൽ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാർ. അങ്ങനെയായിരുന്നുവെങ്കിൽ ത്രിപുരയിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുമായിരുന്നില്ല. തിരിച്ചടികൾ അതിജീവിക്കാനുള്ളതാണ്. അതെ വീണ്ടും ത്രിപുര ശിരസുയർത്തും. തിരികെ വരും കൊടുങ്കാറ്റു പോലെ… ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാലയായി പ്രകാശം പരത്തും. ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക.” എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
എന്തായാലും ത്രിപുരയിൽ സിപിഎം വീണ്ടും പരാജയപ്പെട്ടതോടെ ട്രോളുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. ”ഇത്തവണയും തോറ്റത് ത്രിപുരയാണോ സ്വരാജേ ? കോൺഗ്രസിനെ കൂട്ടി മത്സരിച്ചിട്ടു കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറവാണെന്ന് കേട്ടല്ലോ ”എന്ന പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇത്തവണ കുറഞ്ഞത് 3 ശതമാനമല്ല എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. കൊടുങ്കാറ്റ് പോലെ തിരിച്ചുവരവ് കണ്ടില്ല എന്ന ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
Discussion about this post