തൃശൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപ്പറേറ്ററായ യുവാവിനോട് തട്ടിക്കയറി ജാഥാ ക്യാപ്ടനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ. മാളയിലെ വേദിയിൽ, പ്രസംഗത്തിന്റെ ശബ്ദം കുറഞ്ഞപ്പോൾ, യുവാവ് വന്ന് മൈക്ക് ഉയർത്തി വെക്കുകയും, മൈക്കിന് അടുത്ത് വന്ന് സംസാരിക്കാൻ ഗോവിന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായി എം വി ഗോവിന്ദൻ യുവാവിനെ ശകാരിക്കുകയായിരുന്നു.
‘ഇയാള് പോയാട്ടെ, ഇറങ്ങി പൊയ്ക്കോ‘ എന്നാണ് എം വി ഗോവിന്ദൻ യുവാവിനോട് പറയുന്നത്. മൈക്കിൽ ശബ്ദം കേൾക്കാനാണ് എന്നോ മറ്റോ യുവാവ് പറയുമ്പോൾ, ‘നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?‘ എന്നാണ് എം വി ഗോവിന്ദൻ ചോദിക്കുന്നത്.
മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കണം എന്നാണ് ചങ്ങായി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്ന പോലെയാ വിശദീകരണം എന്ന് എം വി ഗോവിന്ദൻ പരിഹസിക്കുമ്പോൾ, സദസിൽ നിന്നും പാർട്ടിക്കാർ കൈയ്യടിക്കുന്നുണ്ട്.
കുറേ സാധനങ്ങൾ ഉണ്ട്. പക്ഷേ, അതൊന്നും കൈകാര്യം ചെയ്യാൻ അറിയില്ല. ഇതൊക്കെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ അറിയണം. മൈക്ക് ഏറ്റവും ആധുനിക ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ് എന്ന് എം വി ഗോവിന്ദൻ വിശദീകരിക്കുന്നു.
കുറേ ഉപകരണങ്ങൾ വാരി വലിച്ച് കൊണ്ടു വന്നത് കൊണ്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവേദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. എനിക്കറിയാം ഇതെന്നും എം വി ഗോവിന്ദൻ പറയുന്നുണ്ട്.
എന്നാൽ, യുവാവ് വന്ന് മൈക്ക് ശരിയാക്കി വെച്ച ശേഷമാണ് മൈക്കിന് ശബ്ദം കൂടുന്നത് എന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post