കൊച്ചി: കൊച്ചിയെ ഒരാഴ്ചയായി വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ഇന്ന് ഹൈക്കോടതി, അധികൃതർക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. എറണാകുളം ജില്ലാ കളക്ടർ രേണു രാജിനോട് ബുധനാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു.
സംഭവത്തിൽ സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും വിശദമായ റിപ്പോർട്ട് നൽകണം. ജില്ലാ കളക്ടർക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും കോർപ്പറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി ഗ്യാസ് ചേംബറിലായതായി ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടതായും ഹൈക്കോടതി വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം മനുഷ്യ നിർമിതമാണോ എന്ന് കോടതി സന്ദേഹം പ്രകടിപ്പിച്ചു. നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് വ്യാപകമാണ്. ഇത് തടയാന്‍ എന്തു നടപടിയാണ് കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
മാലിന്യപ്രശ്‌നം അനന്തമായി നീട്ടി കൊണ്ടുപോകാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Discussion about this post