എറണാകുളം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ നിന്നും വിഷപ്പുക ഉയരുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി എബിവിപി. വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് എബിവിപിയുടെ ആവശ്യം. വിദ്യാർത്ഥികൾക്ക് മാനുഷിക പരിഗണന പോലും നൽകാത്ത സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും എബിവിപി വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റ് പുകഞ്ഞു കത്തുമ്പോൾ എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളെ മനപ്പൂർവ്വം അപകടത്തിലേക്ക് തള്ളിവിടുന്നതിന് തുല്ല്യമാണ് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് അവധി പ്രഖ്യാപിക്കുകയും അതേസമയം എസ്എസ്എൽസി, +2 പരീക്ഷകൾ നടത്താനുള്ള സർക്കാർ പിടിവാശി ഉപേക്ഷിക്കണം. ശുദ്ധമായ വായു ശ്വസിക്കാനുള്ള ജനങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടിട്ടും മാലിന്യ പ്ലാന്റിലെ തീ കെടുത്താൻ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും മനുഷ്യരാണെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.
വിഷപ്പുക കാരണം ജനങ്ങൾക്ക് ഉണ്ടാവുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങളും അവരെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ബ്രഹ്‌മപുരം പ്ലാന്റിനോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ഹൈറേഞ്ചിലെ കോടയെ ഓർമ്മിപ്പിക്കും വിധം വിഷപുക തളംകെട്ടി കിടക്കുകയാണ്. മാർച്ച് രണ്ടിന് തീപിടിച്ച ശേഷം നിരവധിപ്പേരാണ് വിഷപുക ശ്വസിച്ച് ചികിത്സ തേടിയിരിക്കുന്നത്. മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണ്. മാലിന്യപ്ലാന്റിലെ വിഷപ്പുക ഏറ്റവും കൂടുതൽ വിദ്യാർഥികളിലാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നും ശ്രീഹരി വ്യക്തമാക്കി.
വിഷപ്പുക ശ്വസിക്കുന്ന വിദ്യാർത്ഥികൾക്ക് വളർച്ച മുരടിപ്പ് അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം എന്നകാര്യങ്ങളൊക്കെ സർക്കാർ അവഗണിക്കുകയാണ്. വിഷപ്പുക ശ്വസിച്ച് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. വിഷപ്പുക മൂലം കൊച്ചി മേഖലയിലെ വിദ്യാലയങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയൊക്കെ മാനസികമായി പിരിമുറുക്കത്തിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കുന്ന അന്തരീക്ഷമാണ്. വിദ്യാർത്ഥികൾക്ക് മാനുഷിക പരിഗണനപോലും നൽകാതെയുള്ള സർക്കാർ തീരുമാനത്തിനെതിരെ എബിവിപി ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post