തൃശൂർ: ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ചേർന്ന് മർദ്ദിച്ച സിപിഎം വനിതാ നേതാവിന്റെ മകൻ മരിച്ചു. സിപിഎം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ ബി സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു ഡി വൈ എഫ് ഐ നേതാക്കളും അമൽ കൃഷ്ണനും തമ്മിൽ തല്ല് കൂടിയത്.
കൂട്ടത്തല്ലിൽ ഗുരുതരമായി പരിക്കേറ്റ അമൽ കൃഷ്ണൻ കഴിഞ്ഞ 45 ദിവസമായി ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ഷെബിൻ, ബിജെപി പ്രവർത്തകൻ സുജിത്ത് ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമായ സുൽത്താൻ, സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലാൽ എന്നിവർ ചേർന്നാണ് അമൽ കൃഷ്ണയെ മർദ്ദിച്ചത്. സുധയുടെ അയൽവാസിയുമായുള്ള തർക്കം സംബന്ധിച്ച വഴക്കാണ് തമ്മിൽ തല്ലിൽ കലാശിച്ചത്.
മർദ്ദനത്തിൽ അമൽ കൃഷ്ണയുടെ മൂക്കിന്റെ എല്ല് പൊട്ടിയിരുന്നു. സാരമായി പരിക്കേറ്റ അമലിനെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
Discussion about this post