ഇസ്ലാമാബാദ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ ബ്രിഗേഡിയർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബ്രിഗേഡിയർ മുസ്തഫ കമൽ ബറാക്കിയാണ് കൊല്ലപ്പെട്ടത്. ബറാക്കിക്ക് പുറമേ മറ്റ് ഏഴ് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗത്ത് വസിരിസ്ഥാനിലെ അൻഗൂറിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ബറാക്കിയായിരുന്നു ഇതിന് നേതൃത്വം നൽകിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ബറാക്കിയ്ക്കും സംഘത്തിനും വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബറാക്കിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബറാക്കി കൊല്ലപ്പെട്ടാതായി ഐഎസ്‌ഐയും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഏഴ് പേരിൽ രണ്ട് പേർ കുട്ടികളാണ്.
ബറാക്കിയുടെ മരണത്തിൽ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അനുശോചിച്ചു. മാതൃരാജ്യത്തിന് വേണ്ടിയാണ് ബറാക്കി ജീവൻ ത്യജിച്ചത്. ഇതിന് ഭീകരർ വലിയ വില നൽകേണ്ടിവരുമെന്ന് ബിലാവൽ വ്യക്തമാക്കി. ബറാക്കിയുടെ വിയോഗം അതീവ വേദനാജനകമാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രതികരിച്ചു.
Discussion about this post