പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിയ്ക്കുന്നു. വെള്ളം കുടിയ്ക്കാൻ ഇവിടേയ്ക്ക് എത്തുന്ന ആനക്കൂട്ടമാണ് തിരികെ മടങ്ങാതെ സ്ഥലത്ത് നിലയുറപ്പിക്കുന്നത്. ജനവാസ മേഖല കൂടിയായ ഇവിടെ ആനകൾ തമ്പടിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് കുട്ടിയാനകൾ ഉൾപ്പെടെയുള്ള കൂട്ടം വെള്ളം കുടിയ്ക്കാൻ ഇവിടെയെത്തിയത്. എന്നാൽ തിരികെ മടങ്ങാതെ ഇവിടെ തന്നെ തുടുരകയായിരുന്നു. 20 ആനകളാണ് സംഘത്തിലുള്ളത്. ജില്ലയിൽ അനുഭവപ്പെടുന്ന കഠിനമായ ചൂടും, വന മേഖലയിലെ ജല സ്രോതസ്സുകൾ വറ്റി വരണ്ടതുമാണ് ആനകളെ വൃഷ്ടി പ്രദേശത്ത് തന്നെ തമ്പടിക്കാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിലെല്ലാം ആനകൾ വെള്ളം കുടിയ്ക്കാൻ ഇവിടെ എത്തിയിരുന്നു. എന്നാൽ ഇവ വെള്ളം കുടിച്ച ശേഷം തിരികെ മടങ്ങുകയും ചെയ്തിരുന്നു. നിലവിൽ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനകളെ കാടുകയറ്റാനുള്ള ശ്രമം വനംവകുപ്പ് നടത്തുന്നുണ്ട്.
അതേസമയം ആനകൾ ഇറങ്ങിയതോടെ വലിയ ഭീതിയിലാണ് ജനങ്ങൾ. കുളിക്കാനും മറ്റും ആളുകൾ റിസർവോയറിന് സമീപം എത്താറുണ്ട്. നിരവധി വീടുകളും ഇവിടെയുണ്ട്. ആനകൾ കാടിറങ്ങി വരാതിരിക്കാൻ വനത്തിനുള്ളിൽ മതിയായ ജല സൗകര്യം ഒരുക്കണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post