ന്യൂഡൽഹി : രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ വഴികളിലൂടെയും ശ്രമം നടത്തി. സത്യം പറയുന്നവരെ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ല. പക്ഷേ തങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും എന്ന് ഖാർഗെ പറഞ്ഞു.
ജനാധിപത്യത്തെ രക്ഷിക്കാൻ ജയിലിൽ പോകാനും തയ്യാറാണ്. സംയുക്തി പാർലമെന്ററി കമ്മിറ്റി അന്വേഷണം ഇനിയും ആവശ്യപ്പെടും. വൈകുന്നേരം 5 മണിക്ക് പാർട്ടി ഓഫീസിൽ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നും പാർട്ടി അദ്ധ്യക്ഷൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ ജയിൽ ശിക്ഷ പ്രഖ്യാപിച്ചപ്പോൾ തന്നെ തങ്ങൾ ഇത് സംശയിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ. അവർക്ക് 6 മാസമോ 1 വർഷത്തെയോ ജയിൽ ശിക്ഷ വിധിക്കാമായിരുന്നു, എന്നാൽ 2 വർഷത്തെ തടവുശിക്ഷ വലിയൊരു പദ്ധതിയുടെ ഭാഗമായിരുന്നു. ഈ നടപടിക്കെതിരെ ശക്തമായി അപലപിക്കുന്നു. രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദിയെ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന് തെളിവാണ് ഇതെന്നും പൃഥ്വിരാജ് ചവാൻ ആരോപിച്ചു.
അദാനിക്കെതിരെ രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ച ദിവസമാണ് അദ്ദേഹത്തെ നിശബ്ദനാക്കാൻ ഗൂഢാലോചന ആരംഭിച്ചത്. ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ.
Discussion about this post