തിരുവനന്തപുരം: ഒബിസി വിഭാഗത്തെ അവഹേളിക്കുന്ന പരാമർശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്ന് പിണറായി പറഞ്ഞു. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകളിൽ പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഫാസിസത്തിന്റെ മറ്റൊരു ഭാഗമാണ്. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ലെന്നും പിണറായി പറഞ്ഞു.
വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പിണറായി പറഞ്ഞു.
Discussion about this post